ജനാധിപത്യം എങ്ങനെ പൂത്തുലയുമ്പോൾ നിയമനിർമ്മാണ യുദ്ധങ്ങളിൽ അടിയും തിരിച്ചടിയും താണ്ഡവവും കൈകൊട്ടി കളിയും ഒക്കെ പതിവാണെന്ന് നമ്മൾ മലയാളികൾക്ക് വളരെ വ്യക്തമായി അറിയാം. നിയമസഭയിൽ തുണി പൊക്കി കാണിക്കുന്നത് മുതൽ ശിവതാണ്ഡവം വരെ കണ്ടവരാണ് നമ്മൾ മലയാളികൾ. ഇന്ത്യൻ പാർലമെൻറ് അത്ര മോശമൊന്നുമായിരുന്നില്ല ഈ കൈകൊട്ടി കളിയിൽ. എന്നാൽ നമ്മുടെ ഈ ഭാരതീയ സംസ്കാരം ലോകമെങ്ങും വ്യാപിക്കുന്നതായി വേണം ഇപ്പോൾ മനസ്സിലാക്കാൻ. കാര്യം സാമ്പത്തികമായി പിന്നാക്കം ആണെങ്കിലും പരിഷ്കൃത രാജ്യമായ അങ്ങ് ജോർജിയായിലെ പാർലമെന്റിനുള്ളിലും കയ്യാങ്കളിയും കഥകളിയും യുദ്ധവും ഒക്കെ ഉണ്ടെന്ന് ഇന്നലെ ലോകം കണ്ടു. ഭാരതീയനും മലയാളിിക്കും ഇത് അഭിമാന നിമിഷമാണ്. നമ്മുടെ പരമ്പരാഗത നിയമനിർമ്മാണ ശൈലി ലോകം ഏറ്റെടുത്തു എന്ന് നമുക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ഇന്നലെ ജോർജിയൻ പാർലമെൻറിൽ കണ്ടത്.
പ്രധാനമന്ത്രി ഇറക്ലി കൊബാഖിഡ്‌സെ സർക്കാരിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചതിനുശേഷം ജോർജിയ പാർലമെന്റിൽ ചോദ്യോത്തര വേളയിൽ നിയമസഭാംഗങ്ങൾ തമ്മിൽ കയ്യാങ്കളി പൊട്ടിപ്പുറപ്പെട്ടു. ചോദ്യം ചോദിച്ചാൽ ഉത്തരം വേണ്ടേ ?ഉത്തരം കിട്ടിയാൽ സംതൃപ്തി വേണ്ടേ ? ഉദ്ദേശിക്കുന്ന ഉത്തരം കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും? ചോദ്യം ന്യായം ആകണ്ടെ? ഇങ്ങനെ നൂറു നൂറു ചോദ്യോത്തരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു തമ്മിലടിച്ചാണ് ഇന്നലെ ജോർജിൻ പാർലമെൻറ് അവസാനിച്ചത്. ചോദ്യം ചോദിച്ചവർക്കും ഉത്തരം കിട്ടിയവർക്കും തിരിച്ചു ചോദിച്ചവർക്കും തിരിച്ചു കൊടുത്തവർക്കും അടിച്ചു വാങ്ങിയവർക്കും ഇടിച്ചു നേടിയവർക്കും ഒക്കെ ഒരു അടക്കം വന്നിട്ടുണ്ടാകും എന്ന് കരുതാം. ഇതിനിടയിൽ നമ്മുടെ തിരുവനന്തപുരം കോർപ്പറേഷനിലും നടക്കുന്നുണ്ട് കാലേൽ വാരിയുള്ള അടിയും ഇടിയും തൊഴിയും ചവിട്ടു നാടകവും ഒക്കെ. സിപിഎമ്മും ബിജെപിയും കൂടി ജനാധിപത്യത്തെ അങ്ങ് ഉദ്ധരിക്കാനുള്ള തീവ്ര യുദ്ധത്തിലാണ്. കാപ്പാ കേസിലെ ഗുണ്ടയെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുന്ന നാട്ടിൽ കോർപ്പറേഷൻ ചെയർമാൻ ചവിട്ടുനാടകം കളിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ജനാധിപത്യത്തെ ഉഴുതുമറിച്ച് കമ്മ്യൂണിസം ആക്കാനുള്ള തീവ്ര യജ്ഞത്തിലാണ് തിരുവനന്തപുരം സിപിഎം ശിവൻകുട്ടി ടീം. സിപിഎമ്മിനെയും ശിവൻകുട്ടിയെയും കുറ്റം പറയാൻ പറ്റില്ല. കയ്യാങ്കളി ജനാധിപത്യത്തിൽ ശിവൻകുട്ടിയും സിപിഎമ്മിനും ഉള്ള മഹത്തായ പാരമ്പര്യവും കീഴ്വക്കവും മെയ് വഴക്കവും നമ്മൾ മലയാളികൾക്ക് സുപരിചിതമാണല്ലോ. നിയമസഭയിൽ ഒക്കെ കിടന്ന് ശിവൻകുട്ടി താണ്ഡവമാടി തിമർക്കുന്നത് നമ്മളിതെത്ര കണ്ടതാ. അതൊക്കെ കണ്ടിട്ടുള്ള നമുക്ക് അങ്ങ് ജോർജിയായിലെ അടിയൊക്കെ എന്ത് ? കുതിരവട്ടം പപ്പുവിന്റെ ഭാഷയിൽ പറഞ്ഞാൽ അതൊക്കെ ചെറ്ത്, ചീള് പിള്ളേര് കളി.
The Parliament is not just here, yes.. you are also in Georgia..





















